Sunday, July 30, 2006

ഒടിച്ചുമടക്കിയ ദര്‍ശനം

“വെളിച്ചത്തിന് എന്തൊരു വെളിച്ചമാണെ“ന്ന് ബഷീര്‍ എഴുതുമ്പോള്‍ നാം സത്യത്തില്‍ നിന്ന് അതിസത്യത്തിലേക്ക് ആനയിക്കപ്പെടുന്നു. “ആളുകള്‍ കണ്ടു കണ്ടാണ്‍ സാര്‍, കടലുകള്‍ ഇത്ര വലുതായത്” എന്ന് ശങ്കരപ്പിള്ള സാര്‍ പറയുമ്പോള്‍ ആ തല തിരിഞ്ഞ ദര്‍ശനത്തിന്റെ സാധ്യത കുഴക്കുന്ന ഒരു പ്രശ്നമായി നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു.

തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ “രം‌മരം‌ മരമരമെന്ന്” നിവര്‍ന്നു നിന്നു ചെവിയാട്ടുന്ന കവിതകളുമായി കെ.ജി.ശങ്കരപ്പിള്ള സാറും സമകാലീന കവിതയും(ശങ്കരപ്പിള്ള സാറിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണം) എറണാകുളത്തിന്റെ കലാലയച്ചുവടുകളെ ചര്‍ച്ചാവേദികളാക്കിയിരുന്നു. ഒരിക്കലുമില്ലാത്ത വിധം പുതുകവിതയുടെ സാധ്യതകള്‍ തെളിഞ്ഞു വരികയായിരുന്നു. അക്ഷരത്തെ സ്നേഹിച്ചവര്‍ കവിതയെക്കുറിച്ച് തര്‍ക്കിച്ചൂം പരിഭവിച്ചും സാറിനൊപ്പം നടന്നു. പ്രണയത്തേക്കാള്‍ ഒരു വേള കവിതയെ പ്രണയിച്ചു കൊണ്ട്. പിന്നെ അവരോരോരുത്തരും പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ സാറും സമകാലീന കവിതയും അടുത്തൂണ്‍ പറ്റിപ്പിരിഞ്ഞ് എറണാകുളം വിട്ടു പോയി. സാറിനൊപ്പം നടന്ന വിദ്യാര്‍ത്ഥികള്‍ പലരും ഇന്നു അവരവരുടെ മരങ്ങളില്‍ ചിറക് വിരിക്കുന്നു.

കെ.ജി.എസിന്റെ കവിതകളില്‍ ആദ്യകാലത്ത് പ്രകടമല്ലാതിരുന്ന തലതിരിച്ചില്‍ (subversion) ആണ്‍ അദ്ദേഹത്തിന്റെ പില്‍ക്കാല കവിതകളെ ശ്രദ്ധേയമാക്കുന്നത്. കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ ദൃശ്യമാകുന്ന അതികാല്പനികതയില്‍ നിന്ന് വളരെ വേഗം അദ്ദേഹം മുക്തനാകുന്നതായി കാണാം. ബംഗാള്‍ എന്ന കവിതയില്‍ മാറ്റൊലിക്കൊള്ളുന്ന വിപ്ലവത്തിന്റെ ഇടിമുഴക്കം അടിയന്തരാവസ്ഥയിലെത്തുമ്പോള്‍ കയ്പേറിയ നിരീക്ഷണങ്ങള്‍ക്ക് വഴി മാറിക്കൊടുക്കുന്നു. കയ്പ്പും നിരാശയും മറികടന്നു കൊണ്ടു എണ്‍പതുകളുടെ തുടക്കത്തില്‍ തലതിരിച്ചിലിന്റെ സൌന്ദര്യശാസ്ത്രം അദ്ദേഹം വികസിപ്പിച്ചെടുക്കുന്നതായിക്കാണാം. ഇവിടെ കവിയെന്ന നിലയില്‍ ശങ്കരപ്പിള്ള സാറിന്റെ പരിണാമം പൂര്‍ത്തിയായിരിക്കണം. “കൊച്ചിയിലെ വൃക്ഷങ്ങള്‍“ ഈ വിരുദ്ധോക്തിയുടെ കരുത്ത് വിളിച്ചു പറയുന്നു:

ഒരു കാലത്ത്
തൃക്കാക്കര മുതല്‍
കൊച്ചിത്തുറമുഖം വരെയുള്ള വഴി
ഒരു നേര്‍വര പോലെ
വിശ്വാസം നിറഞ്ഞതായിരുന്നു

......

ആ വഴിയുടെ ഇരുപാടുമോ
രം‌മരം മരമരം മരമരം എന്ന്
മഹാമരങ്ങള്‍
ചെവിയാട്ടി വാലാട്ടി തുമ്പിയാട്ടി
നിരനിരയായി നിവര്‍ന്നു നിന്നിരുന്നു

......

അഭയത്തിന്റെ വിരൂപശിഖരത്തില്‍
ഇടപ്പള്ളി ദൈന്യത്തിന്റെ പതാകയായി
മണ്ണിലും വിണ്ണിലും
പക്ഷിക്കൂട്ടം പോലെ
ചങ്ങമ്പുഴ തഴച്ചു

......

ആ വഴിയുടെ ഇരുപാടുമോ
ചെറുതും വലുതുമായ
പുകക്കുഴലുകളുയര്‍ന്നു
വളം നിര്‍മ്മാണശാല
മരുന്നു നിര്‍മ്മാണശാല
സര്‍വകലാശാല
സാഹിത്യശില്പശാല
(കൊച്ചിയിലെ വൃക്ഷങ്ങള്‍)

പൂര്‍വ്വസൂരികളുടെ തണല്‍ കച്ചവടത്തിനായി വെട്ടിമാറ്റപ്പെട്ട, തലയറ്റ, വാലറ്റ ഒരു കൊച്ചിയെ ഈ വിരുദ്ധോക്തികള്‍ തൊട്ടു കാണിക്കുന്നു.

“കടമ്പനാട്ട് കടമ്പില്ല” എന്ന കവിതയിലെത്തുമ്പോഴേക്കും വൈയക്തികമായ ഒരു അനുഭവമായി പ്രകൃതിയെത്തുന്നു:

അമ്മ പറഞ്ഞു:
കടമ്പാണ്‍ നിന്‍ വൃക്ഷം
മയിലാണ്‍ പക്ഷി
നിന്‍ മൃഗം കുതിരയും.
പിന്നെത്തിരയലായ് സ്കൂള്‍കാലമാകെ ഞാന്‍:
കടമ്പെവിടെ?
മയിലെവിടെ?
എവിടെയെന്‍ കുതിരയും?

എല്ലാ മരങ്ങളും കണ്ടു കിട്ടിയിട്ടും കടമ്പ് കാണാതെ ഒടുക്കം അതു കണ്ടെത്തുമ്പോഴോ!

പിന്നെ,
പഠിപ്പും കഴിഞ്ഞ്
പല നാടലഞ്ഞ്
പണിയും കിട
ഞ്ഞകലെ വന്‌നഗരിയില്‍
പാര്‍പ്പും തുടങ്ങി ഞാ-
നൊരു ദിവസമുച്ചയ്ക്ക്
പാര്‍ക്കിലെ ബെഞ്ചില്‍ കക്കാടിന്റെ
യക്ഷനെ നേരെ കണ്ടിരിക്കുമ്പോള്‍
അതാ മുന്നില്‍:
നെഞ്ചിലൊരു കരിംതകിടില്‍
സ്വന്തം പേരുമായൊരു
വൃദ്ധനാം പോലീസുപോ-
ലിച്ഛാശൂന്യനായ്
നില്‍ക്കുന്നു നെടുങ്കനൊരു
നീലക്കടമ്പ്!
(കടമ്പനാട്ട് കടമ്പില്ല)

നാഗരികതയാല്‍ ചവിട്ടിയരക്കപ്പെടുന്ന പ്രകൃതി കവിതയില്‍ വിരുദ്ധോക്തിയായി,സ്വയംനിന്ദയായി,പ്രതിഷേധമായി, യാചനയായി കടന്നു വരുന്നു:

പറയാത്ത പ്രിയവാക്ക്
കെട്ടിക്കിടന്നെന്റെ
നാവു കയ്ക്കുന്നു.
പോകാത്ത നേര്‍വഴികള്‍
ചുറ്റിപ്പിണഞ്ഞെന്റെ
കാല്‍ കനക്കുന്നു.
(അന്യാധീനം)

കാണരുത് മൃഗശാലയേകനായ്
നഗരത്തില്‍ ഞാനിന്ന്
വന്നതതിനല്ല
(മെഴുക്കു പുരണ്ട ചാരുകസേര)

ഈ പ്രകൃതിബോധവും, തലതിരിച്ചിലും (subversion) ഇനിയുള്ള കവിതകളില്‍ തീക്ഷ്ണമായ ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്‍ പ്രത്യക്ഷപ്പെടുക:

“സാറിനെപ്പോലുള്ളവരുടെ
പല പോസിലുള്ള ഫോട്ടോകള്‍
വേണം സാര്‍.
ചാഞ്ഞും ചെരിഞ്ഞും
നിന്നും നടന്നുമുള്ളവ

....

ആളുകള്‍ കണ്ടു കണ്ടാണ്‍ സര്‍
കടലുകള്‍ ഇത്ര വലുതായത്
പുഴകള്‍ ഇതിഹാസങ്ങളായത്

ഫോട്ടോ എടുത്തെടുത്ത്
തന്റെ മുഖം തേഞ്ഞു പോയി എന്ന്
വൈക്കം മുഹമ്മദ് ബഷീര്‍ ദു:ഖിക്കുന്നു.
പക്ഷേ, ഒന്നോര്‍ക്കണം സാര്‍,
അതേ വിദ്യ കൊണ്ട് തുടുത്തുദിച്ചവരാണ്‍
നമ്മുടെ നേതൃതാരങ്ങള്‍
(പല പോസിലുള്ള ഫോട്ടോകള്‍)


ജീവിതത്തിന്റെ കപടതയാണ്‍ പ്രകൃതിയുമായുള്ള താദാത്മ്യം അസാധ്യമാക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്.

തത്വചിന്തയുമായി
ഞാനെന്റെ ഫ്ലാറ്റില്‍ ഉലാ‍ത്തുമ്പോള്‍
ഏഴാം നിലയിലെ വെയില്‍മറയില്‍
വാമനനായി
ഒരു അരയാല്‍ച്ചെടി.
ജനാലയിലൂടെ അത്
എന്നെത്തന്നെ തൊഴുത് നില്‍ക്കുന്നു.

പാവം അതിനറിയില്ലെന്നു തോന്നുന്നു
ഏഴാം നിലയാണിതെന്ന്.
അരയാലിന്‍ പടരാന്‍
ഇവിടെ നിലമില്ലെന്ന്.

“മേഘത്തെപ്പോലെ
വിശ്വസ്ത ദൂതനാവാം സാര്‍.
വീണ പൂവോ തരിശു ഭൂമിയോ പോലെ
ഉത്തമബിംബമാവാം സാര്‍.”

......

“വേണ്ടാ.”

തത്ത്വചിന്തയുമായി ഞാനുലാത്തുമ്പോള്‍
വെറുതെ പ്രകൃതി കടന്നുവരേണ്ട.
കാറ്റ് വന്നോട്ടെ
ടി വി പ്രോഗ്രാം പോലെ
വെളിച്ചവും വന്നോട്ടെ. പക്ഷേ,
പാഴ്ക്കാഴ്ച വേണ്ട
പാഴൊച്ച വേണ്ട
പാഴ്മരം വേണ്ട. അതിലെ
പാഴ്മധുരവും വേണ്ട.
അതിനറിയില്ലെന്നു തോന്നുന്നു
ബോധോദയത്തിന്‍ എനിക്കിനി
ബോധിപ്രകൃതി വേണ്ടെന്ന്.
(തത്ത്വചിന്തയുമായി ഞാനുലാത്തുമ്പോള്‍)

കഴുതകളായി നടിക്കേണ്ടി വന്ന കുതിരകള്‍, പ്രഫസര്‍ വിവിധഗമനന്റെ ഒരു വിചിത്രാനുഭവം എന്നിങ്ങനെ പിന്നീടുണ്ടായ കവിതകളില്‍ ശങ്കരപ്പിള്ള സാറ് തന്റെ തന്നെ ശൈലിയുടെ അടിമയായി മാറി എന്നൊരു വിമര്‍ശനമുണ്ട്. എന്നാല്‍ അപ്പോഴേക്കും മലയാളത്തില്‍ ആരും നടക്കാത്ത വഴികള്‍ അദ്ദേഹം നടന്നു തീര്‍ത്തിരുന്നു. ഇന്ന് ഓര്‍മ്മ ഒരു വലിയ പക്ഷിസങ്കേതമായി (ഒടിച്ചു മടക്കിയ ആകാശം) അദ്ദേഹത്തിന്‍ സാ‍ന്ത്വനമരുളുന്നുണ്ടാകണം. ഇത് വഴിപിരിഞ്ഞു പോയ ഒരു ശിഷ്യന്റെ പ്രണാമം.

11 പിന്മൊഴികള്‍:

Blogger ലാപുട പറഞ്ഞു...

പുതുകവിതയുടെ നേരടയാളങ്ങളില്‍ ഉപാധികളില്ലാത്ത സത്യസന്ധതയും അനാര്‍ഭാടമായ മൊഴിവഴക്കവും നമ്മെ അഗാധമായി ആകര്‍ഷിക്കുന്നു...

പക്ഷെ എന്തൊ നമുക്ക് അവിടെ നഷ്ടപ്പെടുന്നുണ്ട്...കെ.ജി.എസ് പ്രതിനിധാനം ചെയ്ത കവിത്വപരമായ രാഷ്ട്രീയ മുന്‍ കാഴ്ച യുടെ സ്വാഭാവികമായ വളര്‍ച്ചയെ ഏറ്റെടുക്കുന്നതില്‍ പുതിയ മലയാള കവിത വിജയിച്ചില്ല എന്നത് നമ്മുടെ പ്രധാനപ്പെട്ട നഷ്ടങ്ങളിലൊന്നാണെന്നു തോന്നുന്നു....

8:44 AM  
Blogger കാവ്യനര്‍ത്തകി പറഞ്ഞു...

ശരി തന്നെ ലാപുഡാ...
പുതിയ കവിത കൂടുതല്‍ വൈയക്തികവും വായ്മൊഴി പ്രധാനവും ആകുമ്പോള്‍ ഉള്ളടക്കത്തിന്റെ ഗരിമയില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. വ്യക്തിയിലേക്കു ചുരുങ്ങുന്ന ഒരു ജീവിതക്രമത്തിന്റെ സ്വഭാവിക പരിണാമമാകാം ഇത്.

11:25 AM  
Blogger sunil krishnan പറഞ്ഞു...

ലാപുഡമാഷേ,
ഒരു സംശയം ചോദിക്കട്ടെ,
ഇത്തരം പ്രതിനിധാനങ്ങളെ ഏറ്റെടുക്കേണ്ടതിന്റെ ബാധ്യത എന്താണ്‌? പിന്നില്‍ വരുന്നവര്‍ എല്ലാ ബാധ്യതകളുമെടുത്ത് മുടന്തി മുടക്കേണ്ടവരാണോ? ഏറ്റെടുപ്പിലൂടെ മലയാള കവിത വിജയിക്കുമോ?
(നോക്കൂ, കെ.ജി.എസ്സിനോടോ ഈവിഷയം സംസാരിച്ച നിങ്ങളോടോ ഉള്ള അനാദരവായി എന്റെ സംശയത്തെ കാണരുത്‌)

3:51 AM  
Blogger sunil krishnan പറഞ്ഞു...

നര്‍ത്തകിമാഷേ,
വാതില്‍ തുറന്നിടൂ. പൂട്ടുപൊളിച്ച് അകത്തുവരാന്‍ പാടാണെന്നേ. ഞാന്‍ എത്ര തവണ വന്നുവെന്നോ ?ആളില്ലാവീടുപോലെ എപ്പോഴും..

3:57 AM  
Blogger ലാപുട പറഞ്ഞു...

സുനിലേ...
നന്ദി നിങ്ങളുടെ പ്രതികരണത്തിന്...അതെന്നെ കുറെ ആലോചിപ്പിക്കുന്നു...എന്നിട്ടും എനിക്കു ചില സംശയങ്ങള്‍ ബാക്കി..ഇങ്ങനെയൊക്കെ..

കെ.ജി.എസ്സിന്റെ കവിതയുടെ അനന്തരാവകാശിത്വം ആരെങ്കിലും ഏറ്റെടുക്കുന്നതിനെക്കുറിച്ചല്ല ഞാന്‍ ഉദ്ദേശിച്ചത്..ആ കവിതകളില്‍ കണ്ടിരുന്ന തരം മറികടന്നു നോട്ടങ്ങള്‍ നമ്മുടെ പുതിയ കവിത മുന്നോട്ടു വെയ്കുന്നുണ്ടൊ എന്നാണു എന്റെ സംശയം...ആ കവിതകളുടെ സങ്കേതപരവും ആവിഷ്കാരപരവുമായ തനിമകള്‍ ആവര്‍ത്തനങ്ങളുടെ ചെടിപ്പുകള്‍ വഴി അതിനെ തന്നെ തന്നെ പലപ്പൊഴും മുടന്തിപ്പിച്ചിട്ടുള്ളതു കൊണ്ട് ക്രാഫ്റ്റു മായി ബന്ധപ്പെട്ട് അതിനു എന്തെങ്കിലും തീവ്രമായ സമകാലിക പ്രസക്തിയുണ്ടെന്നു പറയാനാവില്ല...

അവിടെ നാം കാണുന്ന കവിത്വപരമായ രാഷ്ട്രീയ മുന്‍ കാഴ്ച ആയിരുന്നു എന്റെ ഫോക്കസ്..മുന്‍ കാഴ്ചകള്‍ /പ്രവാചകത്വം കവിതയുടെ ഒരു നൈസര്‍ ഗിക ഭാവമാണെന്നാണു എന്റെ പക്ഷം..അതിനു ആനുകാലികമായ സംവേദനക്ഷമത കൈവരുന്നത് ഒരു ഭാഷയുടെ ജൈവ സ്വഭാവത്തെ ഊര്‍ജ്ജവത്താക്കുമെന്നും എനിക്കു തോന്നുന്നു...
(കവിതയുമായി ബന്ധപ്പെട്ടതാകുമ്പോള്‍ ക്രാന്തദര്‍ശിത്വം ഒരു ശകാര പദമൊന്നും ആല്ല ല്ലോ...?)

പിന്നെ സുനില്‍ എന്തു ആനാദരവിനെക്കുറിച്ചാണു പറയുന്നതു....? നമുക്കിടയില്‍ ഇത്രയും ഔപചാരികത വേണോ....!!!!

10:29 PM  
Blogger sunil krishnan പറഞ്ഞു...

ലാപുഡമാഷേ,
വൈകിയതിനു ക്ഷമാപണം.
ഈ നര്‍ത്തകി മാഷ് കണ്ടില്ലേ അനോണിക്ക് വടി വെച്ചിരിക്കുന്നത് . പോസ്റ്റാന്‍ മാത്രമുള്ള തരികിടയേ എനിക്കുള്ളൂ.

നല്ല നിരീക്ഷണം തന്നെയാണ്‌ മാഷിന്റേത്‌. ഞാനതിനോട് യോജിക്കുകതന്നെ ചെയ്യുന്നു. ചുരുങ്ങിയ വാക്കുകളില്‍ പറയേണ്ടിവരുമ്പോള്‍ ഉണ്ടാവുന്ന കുഴപ്പവും കമന്റ് ചെയ്യാനുള്ള തിടുക്കവും കൂടി ചേരുമ്പോള്‍ ഇതു തന്നെ സംഭവിക്കും അല്ലേ?
എങ്കിലും അവര്‍ക്ക് രാഷ്ട്രീയത്തോടുണ്ടായിരുന്ന വൈകാരികാഭിമുഖ്യവും(തീവ്ര) അതിനേറ്റപരാജയവും മറ്റും പുതിയവര്‍ നേരിട്ട ജീവിതമല്ലല്ലോ. രാഷ്ട്രീയപരിസരങ്ങളിലേക്ക് ജീവിതത്തെ കൂട്ടിക്കൊണ്ട് പോകുന്നതും ജീവിതപരിസരത്തെ രാഷ്ട്രീയം വെളിപ്പെടുത്തുന്നതും തമ്മില്‍ അന്തരമുണ്ടല്ലോ. അതവുമോ മാഷ് പ്രകടിപ്പിച്ച സംശയത്തിന്‌ കാരണം.

നര്‍ത്തകി പറയുന്ന 'ഗരിമ'യും മഷിന്റെ 'പ്രവാചകത്വം' ഒക്കെ എനിക്കെന്തോ... കഴുതപ്പുറത്തു വെച്ചുകെട്ടിയ ഭാരം പോലെ.
പക്ഷേ മനുഷ്യാനുഭവലോകങ്ങളുടെ കടലാഴം കണ്ടവര്‍ അവിടേക്ക് ക്ഷണിക്കുന്നവര്‍. അവിടെ നിര്‍വചനങ്ങള്‍ പ്രസക്തമല്ലല്ലോ അല്ലേ.

11:51 AM  
Blogger കാവ്യനര്‍ത്തകി പറഞ്ഞു...

സുനിലേ,
നല്ല നിരീക്ഷണം. ജീവിതത്തിലെ അരാഷ്ട്രീയത കവിതയിലേക്കും സംക്രമിക്കുന്നു എന്ന്‍ തോന്നുന്നു. കവിത എന്താണ്‍, എങ്ങനെയാകണം എന്നത് മാറുന്ന ഭാവുകത്വത്തിന്‍ വിധേയമാണല്ലോ. എന്നാല്‍ ഈ ഭാവുകത്വം എങ്ങനെ പരിവര്‍ത്തനവിധേയമാകുന്നു എന്ന് പരിശോധിക്കുന്‍പോള്‍ സാമൂഹികമായും ധൈഷണികമായും നമ്മള്‍ തിരിച്ചു നടക്കുകയാണൊ എന്ന സംശയം സ്വഭാവികം. ലാപുഡയും ഇതു തന്നെയായിരിക്കണം പറഞ്ഞത്.

പിന്നെ, അനോണി വേണോ?? നമ്മളിങ്ങനെ അന്യോന്യം മിണ്ടിപ്പറഞ്ഞിരിക്കുന്നിടത്ത് അനോണികള്‍ കേറാതിരിക്കുന്നതല്ലേ ഭംഗി?

2:26 AM  
Blogger വല്യമ്മായി പറഞ്ഞു...

പോകല്ലേ നിന്‍ നൃത്തം നിര്‍ത്തി നീ ദേവീ

8:29 PM  
Blogger ഉമ്പാച്ചി പറഞ്ഞു...

ഉഷാറായിട്ടുണ്ട് നിരീക്ഷണങ്ങള്‍
ആളെ മനസ്സിലായില്ല
ശരിക്കും എന്താ പേര്‌ ?

10:07 PM  
Blogger nariman പറഞ്ഞു...

ബംഗാള്‍ എഴുതിയ കാലത്തും അടിയന്തിരാവസ്ഥക്കാലത്തും കെ.ജി.ശങ്കരപ്പിള്ള കേരള സര്‍ക്കാരിലെ ഗസറ്റഡ് ഓഫീസറായ അധ്യാപകനായിരുന്നു.അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹം ഒരൊറ്റക്കവിതയും എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല.ഇപ്പോള്‍ സുരക്ഷിതമായി പെന്‍ഷന്‍ പറ്റി ജീവിക്കുന്നു.

10:54 PM  
Blogger nariman പറഞ്ഞു...

കെ.ജി.ശങ്കരപ്പിള്ള കേന്ദ്ര-കേരള സര്‍ക്കാര്‍ സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്.സര്‍ക്കാര്‍-സര്‍വ്വകലാശാലാ സമിതികളില്‍ അംഗമായിട്ടുമുണ്ട്. അപ്പോള്‍ അദ്ദേഹത്തിന്റെ വിപ്ലവ നാട്യം വ്യക്തമാണല്ലൊ.കടമ്മനിട്ട,സച്ചിദാനന്ദന്‍, കെ.ജി.ശ്ങ്കരപ്പിള്ള,ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരെല്ലാം വ്യവസ്ഥിതിയുടെ ഭാഗമായിരുന്നുകൊണ്ടും അതിന്റെ ഗുണം അനുഭവിച്ചുകൊണ്ടും വിപ്ലവം പറഞ്ഞ വെറും വാചകവിപ്ലവക്കാര്‍ മാത്രമാണ്.

11:33 PM  

Post a Comment

<< Home