Saturday, April 15, 2006

ആരവങ്ങളില്ലാതെ

ഇക്കഴിഞ്ഞ വര്‍ഷം അന്തരിച്ച ആര്‍. രാമചന്ദ്രന്‍ വളരെയൊന്നും അറിയപ്പെടാതെ പോയ കവിയാണ്‌. തികഞ്ഞ കാവ്യസിദ്ധിയും അഴകുള്ള ഭാഷയും കൈവശമുണ്ടായിരിന്നിട്ടും അദ്ദേഹം ഒഴുക്കിനൊപ്പം നീന്താനിഷ്ടപ്പെടാതെ സ്വന്തം കൈത്തോടു തേടിപ്പോയി. സാമൂഹിക പ്രശ്നങ്ങളില്‍ വ്യാപരിക്കാതെ തന്നിലേക്കു കാഴ്ച നീട്ടിയ രാമചന്ദ്രന്‍ ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും പ്രമുഖനായ വൈയക്തിക കവിയാണ്‌. ആകാമായിരുന്നതിന്റെയും ആയിത്തീര്‍ന്നതിന്റെയും ഇടയില്‍ വീര്‍പ്പു മുട്ടുന്ന കവിയെ കാണുക:

മുട്ടി വിളിച്ചിതെന്നാത്മാവി,ലെത്രയോ
വട്ടം മധുരമായ്സ്സംഗീത വീചികള്‍
എങ്കിലും ശ്രദ്ധിച്ചതില്ല, ഞാന്‍ കമ്പിക-
ളെല്ലാമഴിഞ്ഞേ കിടന്നിതെന്‍ വല്ലകി
-പരിത്യക്തര്‍

മുന്നില്‍ത്തെളിയുന്ന ഇരുട്ടിനെ എതോ മന്ദ്ര വിഷാദം പൊതിയുന്നതും നോക്കി മൌനത്തിന്റെ ശ്യാമതീരങ്ങളില്‍ നില്‍ക്കുമ്പോള്‍ കവി ദൈവത്തെയറിയുന്നു.

ഈയന്ധകാരത്തി,-
ലീ നിശ്ശബ്ദതയില്‍
നിന്‍ കരളിലെ-
ശ്ശ്യാമവര്‍ണമാം ദുഖത്തിന്‍ സത്യം
എന്നെച്ചൂഴു-
മീയേകാന്തതയില്‍ നിഴലിക്കേ,
വിശ്വനായക,
നിന്നെ ഞാനറിയുന്നേന്‍.
-ദിവ്യദുഖത്തിന്റെ നിഴലില്‍

ഭാഷയുടെ കാല്‍പ്പനികസൌന്ദര്യമാവാഹിക്കുന്ന ചില വരികള്‍:

കുന്നിന്‍ചെരുവിലക്കൊന്നതന്‍ പൂവണി-
ക്കയ്യിലുറങ്ങിക്കിടക്കുന്നു സന്ധ്യകള്‍

പുണരാ,നിപ്പാരിനെക്കരളിലണച്ചൊന്നു
പുണരാനെനിക്കു കഴിഞ്ഞുവെങ്കില്‍!

തന്നിലേക്കു ചുരുങ്ങി ഇരുളിന്റെ ഓര്‍മ്മകള്‍ തേടിപ്പൊയ കവി എത്തിച്ചേരുന്നത്‌ ശൂന്യതയുടെ വിജനസ്ഥലിയില്‍!

പിന്നെ?
സന്ധ്യകള്‍
മരവിച്ചേ മരിക്കും മാര്‍ഗ്ഗം

പിന്നെ?
പറക്കാന്‍ കൊതിയാര്‍ന്നേ
വാടി വീണിടും മലര്‍

. . . .

പിന്നെ?
കാലത്തിന്നഭംഗമാം
മൂകരോദനം
പിന്നെ?
പിന്നെ...!
- പിന്നെ?

ശൂന്യതയുടെ ആഴങ്ങളില്‍ നിന്നു നിമിഷാര്‍ദ്ധങ്ങളുടെ വളപ്പൊട്ടുകള്‍ കണ്ടെത്തി ആ കാവ്യസപര്യ സാര്‍ഥകമാകുന്നു:

ഒന്നു,മില്ലൊന്നുമില്ല
മീതെ
പകച്ചേ നില്‍ക്കുമംബരം മാത്രം.
താഴെ
കരളുറഞ്ഞേ പോകും പാരിടം മാത്രം.

ഒന്നു,മില്ലൊന്നുമില്ല
വഴിയറിയാതണയും
പൊല്‍ക്കതിര്‍ മാത്രം.
കൊതി പൂണ്ടുയരും
പച്ചിലക്കൂമ്പു മാത്രം.

ഒന്നു,മില്ലൊന്നുമില്ല
ഒരു ചുംബനം മാത്രം
ഒരു നിര്‍വൃതി മാത്രം.

ഒന്നു,മില്ലൊന്നുമില്ല
അടരുമലര്‍ മാത്രം
പടരുമിരുള്‍ മാത്രം.

ഒന്നു,മില്ലൊന്നുമില്ല
- ഒന്നുമില്ല

തന്നില്‍ നിന്നു ഇരുളിന്റെ ശുദ്ധശൂന്യതയിലേക്കു സഞ്ചരിച്ച കവിമനസ്സിനെ സാമൂഹ്യജീവിതത്തിന്റെ ശബ്ദഘോഷം ആകര്‍ഷിക്കുന്നില്ല. അതു തന്നെയാവാം രാമചന്ദ്രന്‍ കവിതകളുടെ ശക്തിയും ദൌര്‍ബല്യവും.

3 പിന്മൊഴികള്‍:

Blogger സന്തോഷ് പറഞ്ഞു...

ഹാ, വിധി വല്ല ചേര്‍ക്കുഴിയിലും പൂഴ്ത്തുന്നു രത്നങ്ങളെ!

10:06 PM  
Blogger കാവ്യനര്‍ത്തകി പറഞ്ഞു...

ശരിയാ സന്തോഷേ,

"ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍"

എന്നു കൂടി കിടക്കട്ടെ

2:04 AM  
Blogger T.A.Sasi പറഞ്ഞു...

ആര്‍.രാമചന്ദ്രനെക്കുറിച്ച്
എഴിതിക്കണ്ടതില്‍ സന്തോഷം

4:54 AM  

Post a Comment

<< Home