Sunday, March 12, 2006

കടുനിറം ചാലിച്ച കവിത

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ കേരളത്തിലെ കാമ്പസുകളുടെ ഹരമായ ഒരു കാലമുണ്ടായിരുന്നു. കടുനിറം ചാലിച്ച ബാലചന്ദ്രന്‍ കവിതകള്‍ യുവാക്കളുടെ ക്ഷോഭത്തിന്നു്‌ ഒരു ഭാഷ നല്‍കി. രതിയും ആസക്തിയും ബാലചന്ദ്രന്റെ ബിംബങ്ങളില്‍ നിറഞ്ഞാടി. ഏവിടെ ജോണും, ജോസഫും, യാത്രാമൊഴിയും ഒട്ടേറെ യുവാക്കളെ നിഷേധത്തിന്റെ വഴിയേ നടത്തിയിരിക്കാം.

ജോസഫ്‌, നിനക്കറിയില്ലെന്റെ ജാതകം.
ആത്മഹത്യക്കും കൊലക്കുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.

. . . .

മൌനമലമുറക്കൊള്ളും മനുഷ്യന്റെ-
യാഴത്തില്‍ നിന്നുമിരുണ്ട ചിറകുമായ്‌,
മണ്ണും, മടുപ്പും, മഴയും, മരണവും
തിന്നു, കാലം പോലെ ക്രോധം വളരുന്നു,

(ജോസഫ്‌)


തിരിഞ്ഞു നോക്കുമ്പൊള്‍ കടുനിറങ്ങള്‍ ബാലചന്ദ്രന്‍ കവിതയുടെ ബലഹീനതയാണെന്നു തോന്നുന്നു. കടുകഷായത്തിന്നുമപ്പുറം എഴുത്തച്ഛന്റെയും, ആശാന്റെയും, നാടന്‍ ശീലുകളുടെയും സ്വാധീനം ഈ കവിയില്‍ തെളിഞ്ഞു വരുന്നു.

പുലരുവാനേഴര രാവേയുള്ളൂ,
പൂങ്കൊഴി കൂവിക്കഴിഞ്ഞേയുള്ളൂ.

. . . .

അമ്മേ, പിന്‍വിളി വിളിക്കാതെ,
മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതിചാരിത്തിരിച്ചു പൊയ്ക്കോളൂ
കരള്‍ പാതിചാരിത്തിരിച്ചു പൊയ്ക്കോളൂ

(യാത്രാമൊഴി)

അപൂര്‍വ്വമായിട്ടാണെങ്കിലും ശുദ്ധകാല്‍പനികത ചുള്ളിക്കാടിന്റെ പില്‍ക്കാലകവിതകളില്‍ നിഴലിട്ടു കാണാം.

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.

(ആനന്ദധാര)

മകരം മരങ്ങളിലോര്‍മ്മകള്‍ പൊഴിച്ചാലും,
പകരം സ്വപ്നത്തിന്റെ പച്ചകള്‍ പൊടിച്ചാലും,

(അമാവാസി)

ബാലചന്ദ്രന്റെ തൂലികയില്‍ ഇനിയും പച്ചപ്പു പൊടിക്കുമോ?

4 പിന്മൊഴികള്‍:

Blogger sunil krishnan പറഞ്ഞു...

എന്തും അനുഭവിപ്പിക്കാനുള്ള ബാലചന്ദ്രന്റെ കഴിവ് അസാധാരണമാണ്‌

3:13 AM  
Blogger Sherlock പറഞ്ഞു...

സി വി രാമന്‍ പിള്ള, പി കെ ബാലകൃഷ്ണന്‍, എം പി നാരായണപിള്ള എന്നിവര്‍ക്കൊക്കെ “പൂച്ചയെ പുലിയാക്കാന്‍” കഴിയുന്ന ഇതിഹാസകഥന ശൈലി ഉണ്ടായിരുന്നു. പദ്യത്തില്‍ അതു പരീക്ഷിക്കുന്നയാളല്ലേ ബാലചന്ദ്രന്‍ ചുള്ളിക്കാട്?

നീ നരകത്തിലെ ക്ഷുദ്ര പ്രവാചകന്‍
നീചകാമത്തിന്‍ നിതാന്ത നക്തഞ്ചരന്‍
രക്തദാഹത്തിന്റെ നിത്യപ്രഭു
ഭ്രൂണ ഭക്ഷകനായ ഭയത്തിന്‍ പുരോഹിതന്‍ ...

പാതകത്തിന്റെ പെരും പള്ളിയില്‍ നിന്റെ
പാപ സങ്കീര്‍ത്തനം പൊങ്ങുന്ന രാത്രിയില്‍
ബാധ പൊറഞ്ഞു തിമിര ലായത്തിലെ
മുക മൃഗത്തെ പുണര്‍ന്നു പിളര്‍ന്നു ഞാന്‍

ഡ്രാക്കുളയില്‍ നിന്ന്..

7:47 PM  
Blogger കാവ്യനര്‍ത്തകി പറഞ്ഞു...

നല്ല നിരീക്ഷണം :). ബാലചന്ദ്രന്റെ ശിക്ഷണം ക്ലാസ്സിക്കല്‍ ആണ്‍. നവീന ബിംബങള്‍ ക്ലാസ്സികല്‍ ഭാഷയില്‍ സന്നിവേഷിപ്പിക്കുന്ന ഒരു രചനാശൈലിയാണ്‍ ബാലചന്ദ്രന്റേതെന്നു തോന്നുന്നു.

4:12 AM  
Blogger പയ്യന്‍സ് പറഞ്ഞു...

ഭയങ്കര കട്ടിയുള്ള സംസ്ക്ര്‍ത പദ സങ്കലനങ്ങളും അലങ്കാരബദ്ധതയും വ്ര്‍ത്തനിഷ്ഠയും ഒക്കെ നിറ്‍ഞ്ഞതു കൊണ്ട് പരംപരാഗത കാവ്യ ശിക്ഷണം കിട്ടിയവറ്‍ക്ക് ബാലചന്ദ്രനെ യങ്ങു കൊണ്ടു പിടിച്ചതല്ലേ?

8:12 AM  

Post a Comment

<< Home