Saturday, March 11, 2006

ഒരു മലനാടന്‍ പെണ്‍കൊടിക്ക്‌

ചെന്തളിര്‍കൈകള്‍, മൃദുലപാദം,
ഘനമേറും നിതംബം;
നിന്‍ രൂപമോര്‍ത്താല്‍,
ചിത്രകാരന്നു മനോഭിരാമം.

എള്ളിന്‍ കറുപ്പു മിഴിയഴക്‌
എണ്ണക്കറുപ്പ്‌ പുറവടിവ്‌
ജന്മമീയോഷ്മളനീലവാനിന്‍-
കീഴേ, നീ ചെയ്യേണ്ടതിത്രമാത്രം;
കൂജയില്‍ തണ്ണീര്‍ നിറച്ചു വച്ച്‌
ചെപ്പില്‍ പനിനീര്‍ പകര്‍ന്നു വച്ച്‌
യജമാനന്റെ ഹുക്ക കൊളുത്തിവച്ചി-
ട്ടാട്ടുക കീടജാലങ്ങളവന്‍ മേവും
മണിമെത്ത തന്നരികില്‍.

വെള്ള കീറി മുളംകാട്ടില്‍ നിന്നും
പാട്ടുയരുമ്പോള്‍ നീ യാത്രയാകും
സ്വാമിക്കശിക്കാന്‍ ഫലങ്ങള്‍ വാങ്ങാ-
നായി ഗ്രാമച്ചന്ത ലക്ഷ്യമാക്കി.

പകലൊക്കെ നീ നഗ്നപാദയായിട്ടല-
യുമഭൌമ ഗാനങ്ങള്‍ മൂളിയീ-
ഗ്രാമഭംഗിയില്‍, വൈകിടുമ്പോള്‍
കൊച്ചുപുല്‍പ്പായില്‍ മയക്കമാകും;
നിന്റെ കിനാവിന്റെ ചില്ലകളില്‍
കുയിലുകള്‍ സംഗീതമാലപിക്കും.

എന്‍ പ്രിയബാലികേ, നീയ്യെന്തിന്നായ്‌
കഷ്ടതയേറും ജനങ്ങള്‍ തിങ്ങും
ഫ്രാന്‍സില്‍, നിന്‍ രമ്യവനങ്ങള്‍ വിട്ടു
ലക്ഷ്യമില്ലാത്ത കടല്‍ക്കാറ്റിനും
കാമാര്‍ത്തിയേറുന്ന നാവികര്‍ക്കും
ജീവന്‍ പണയപ്പെടുത്തിയെത്താനാ-
യുന്നത്‌ സ്വപ്നഭൂമിയല്ല

അവിടെയീ നേരിയ വസ്ത്രങ്ങളാലാ-
വൃതമായ നിന്‍ മേനിയാകെ
പാരം തണുത്തു വിറച്ചിടുമ്പോള്‍,
ഉഴറുകയില്ലേ നിന്‍ ലോലചിത്തം
തന്‍ പ്രിയകേളീ വനികകള്‍ക്കായ്‌.

അല്ലായ്കിലിറുകുമുടയാടയില്‍
നിന്‍ തളിര്‍മേനി വലഞ്ഞു പോകാം
പങ്കിലമായേക്കാം നിന്നവാച്യസൌരഭ്യ
പൂരിതമായ ദേഹം; ഈ ചെളി-
ക്കുണ്ടില്‍ പുതയുകയാല്‍,
ആ നേരം പുകമഞ്ഞിന്‍ മാറാല-
കള്‍ക്കപ്പുറമെത്തും നിന്‍ ഖിന്നനേത്രം
ദൂരെ വാനത്തിന്നതിരുകളിലാ-
ടുന്ന തെങ്ങോല തന്നരികില്‍.

- Charles Baudelaire

ബോദലേറിന്റെ മുഴുമിക്കാത്ത ഇന്ത്യന്‍ യാത്രയുടെ ബാക്കിപത്രം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബോദലേര്‍ സങ്കല്‍പ്പിച്ച കളങ്കമേശാത്ത മലനാടന്‍ പെണ്‍കൊടി എങ്ങനെയായിരിന്നിരിക്കും? ഫ്രാന്‍സെന്ന പരിഷ്കൃത രാജ്യത്തെക്കാള്‍ മലബാറിന്റെ വന്യവശ്യതയാണു കവിയെ പ്രചോദിപ്പിക്കുന്നത്‌.

3 പിന്മൊഴികള്‍:

Blogger കലേഷ്‌ കുമാര്‍ പറഞ്ഞു...

നന്നായിട്ടുണ്ട്!

4:29 AM  
Blogger കാവ്യനര്‍ത്തകി പറഞ്ഞു...

കലേഷ്‌,
നന്ദി.വിവാഹാശംസകള്‍!

7:08 AM  
Blogger malayalee പറഞ്ഞു...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

5:53 PM  

Post a Comment

<< Home