Sunday, March 12, 2006

കടുനിറം ചാലിച്ച കവിത

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ കേരളത്തിലെ കാമ്പസുകളുടെ ഹരമായ ഒരു കാലമുണ്ടായിരുന്നു. കടുനിറം ചാലിച്ച ബാലചന്ദ്രന്‍ കവിതകള്‍ യുവാക്കളുടെ ക്ഷോഭത്തിന്നു്‌ ഒരു ഭാഷ നല്‍കി. രതിയും ആസക്തിയും ബാലചന്ദ്രന്റെ ബിംബങ്ങളില്‍ നിറഞ്ഞാടി. ഏവിടെ ജോണും, ജോസഫും, യാത്രാമൊഴിയും ഒട്ടേറെ യുവാക്കളെ നിഷേധത്തിന്റെ വഴിയേ നടത്തിയിരിക്കാം.

ജോസഫ്‌, നിനക്കറിയില്ലെന്റെ ജാതകം.
ആത്മഹത്യക്കും കൊലക്കുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.

. . . .

മൌനമലമുറക്കൊള്ളും മനുഷ്യന്റെ-
യാഴത്തില്‍ നിന്നുമിരുണ്ട ചിറകുമായ്‌,
മണ്ണും, മടുപ്പും, മഴയും, മരണവും
തിന്നു, കാലം പോലെ ക്രോധം വളരുന്നു,

(ജോസഫ്‌)


തിരിഞ്ഞു നോക്കുമ്പൊള്‍ കടുനിറങ്ങള്‍ ബാലചന്ദ്രന്‍ കവിതയുടെ ബലഹീനതയാണെന്നു തോന്നുന്നു. കടുകഷായത്തിന്നുമപ്പുറം എഴുത്തച്ഛന്റെയും, ആശാന്റെയും, നാടന്‍ ശീലുകളുടെയും സ്വാധീനം ഈ കവിയില്‍ തെളിഞ്ഞു വരുന്നു.

പുലരുവാനേഴര രാവേയുള്ളൂ,
പൂങ്കൊഴി കൂവിക്കഴിഞ്ഞേയുള്ളൂ.

. . . .

അമ്മേ, പിന്‍വിളി വിളിക്കാതെ,
മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതിചാരിത്തിരിച്ചു പൊയ്ക്കോളൂ
കരള്‍ പാതിചാരിത്തിരിച്ചു പൊയ്ക്കോളൂ

(യാത്രാമൊഴി)

അപൂര്‍വ്വമായിട്ടാണെങ്കിലും ശുദ്ധകാല്‍പനികത ചുള്ളിക്കാടിന്റെ പില്‍ക്കാലകവിതകളില്‍ നിഴലിട്ടു കാണാം.

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.

(ആനന്ദധാര)

മകരം മരങ്ങളിലോര്‍മ്മകള്‍ പൊഴിച്ചാലും,
പകരം സ്വപ്നത്തിന്റെ പച്ചകള്‍ പൊടിച്ചാലും,

(അമാവാസി)

ബാലചന്ദ്രന്റെ തൂലികയില്‍ ഇനിയും പച്ചപ്പു പൊടിക്കുമോ?

Saturday, March 11, 2006

ഒരു മലനാടന്‍ പെണ്‍കൊടിക്ക്‌

ചെന്തളിര്‍കൈകള്‍, മൃദുലപാദം,
ഘനമേറും നിതംബം;
നിന്‍ രൂപമോര്‍ത്താല്‍,
ചിത്രകാരന്നു മനോഭിരാമം.

എള്ളിന്‍ കറുപ്പു മിഴിയഴക്‌
എണ്ണക്കറുപ്പ്‌ പുറവടിവ്‌
ജന്മമീയോഷ്മളനീലവാനിന്‍-
കീഴേ, നീ ചെയ്യേണ്ടതിത്രമാത്രം;
കൂജയില്‍ തണ്ണീര്‍ നിറച്ചു വച്ച്‌
ചെപ്പില്‍ പനിനീര്‍ പകര്‍ന്നു വച്ച്‌
യജമാനന്റെ ഹുക്ക കൊളുത്തിവച്ചി-
ട്ടാട്ടുക കീടജാലങ്ങളവന്‍ മേവും
മണിമെത്ത തന്നരികില്‍.

വെള്ള കീറി മുളംകാട്ടില്‍ നിന്നും
പാട്ടുയരുമ്പോള്‍ നീ യാത്രയാകും
സ്വാമിക്കശിക്കാന്‍ ഫലങ്ങള്‍ വാങ്ങാ-
നായി ഗ്രാമച്ചന്ത ലക്ഷ്യമാക്കി.

പകലൊക്കെ നീ നഗ്നപാദയായിട്ടല-
യുമഭൌമ ഗാനങ്ങള്‍ മൂളിയീ-
ഗ്രാമഭംഗിയില്‍, വൈകിടുമ്പോള്‍
കൊച്ചുപുല്‍പ്പായില്‍ മയക്കമാകും;
നിന്റെ കിനാവിന്റെ ചില്ലകളില്‍
കുയിലുകള്‍ സംഗീതമാലപിക്കും.

എന്‍ പ്രിയബാലികേ, നീയ്യെന്തിന്നായ്‌
കഷ്ടതയേറും ജനങ്ങള്‍ തിങ്ങും
ഫ്രാന്‍സില്‍, നിന്‍ രമ്യവനങ്ങള്‍ വിട്ടു
ലക്ഷ്യമില്ലാത്ത കടല്‍ക്കാറ്റിനും
കാമാര്‍ത്തിയേറുന്ന നാവികര്‍ക്കും
ജീവന്‍ പണയപ്പെടുത്തിയെത്താനാ-
യുന്നത്‌ സ്വപ്നഭൂമിയല്ല

അവിടെയീ നേരിയ വസ്ത്രങ്ങളാലാ-
വൃതമായ നിന്‍ മേനിയാകെ
പാരം തണുത്തു വിറച്ചിടുമ്പോള്‍,
ഉഴറുകയില്ലേ നിന്‍ ലോലചിത്തം
തന്‍ പ്രിയകേളീ വനികകള്‍ക്കായ്‌.

അല്ലായ്കിലിറുകുമുടയാടയില്‍
നിന്‍ തളിര്‍മേനി വലഞ്ഞു പോകാം
പങ്കിലമായേക്കാം നിന്നവാച്യസൌരഭ്യ
പൂരിതമായ ദേഹം; ഈ ചെളി-
ക്കുണ്ടില്‍ പുതയുകയാല്‍,
ആ നേരം പുകമഞ്ഞിന്‍ മാറാല-
കള്‍ക്കപ്പുറമെത്തും നിന്‍ ഖിന്നനേത്രം
ദൂരെ വാനത്തിന്നതിരുകളിലാ-
ടുന്ന തെങ്ങോല തന്നരികില്‍.

- Charles Baudelaire

ബോദലേറിന്റെ മുഴുമിക്കാത്ത ഇന്ത്യന്‍ യാത്രയുടെ ബാക്കിപത്രം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബോദലേര്‍ സങ്കല്‍പ്പിച്ച കളങ്കമേശാത്ത മലനാടന്‍ പെണ്‍കൊടി എങ്ങനെയായിരിന്നിരിക്കും? ഫ്രാന്‍സെന്ന പരിഷ്കൃത രാജ്യത്തെക്കാള്‍ മലബാറിന്റെ വന്യവശ്യതയാണു കവിയെ പ്രചോദിപ്പിക്കുന്നത്‌.

Wednesday, March 01, 2006

ഒറ്റപ്പെടല്‍

ആരാണു വന്നു വിളിക്കാന്‍, യുഗങ്ങളായ്‌
പോസ്റ്റ്മാന്‍ പോലും മറന്നതാണീ മുറി

- മലയാളി മറന്നു പോയ മാധവന്‍ അയ്യപ്പത്ത്‌ എന്ന കവി എഴുതി. ഒറ്റപ്പെടലിന്റെ ആഴം!