Sunday, July 30, 2006

ഒടിച്ചുമടക്കിയ ദര്‍ശനം

“വെളിച്ചത്തിന് എന്തൊരു വെളിച്ചമാണെ“ന്ന് ബഷീര്‍ എഴുതുമ്പോള്‍ നാം സത്യത്തില്‍ നിന്ന് അതിസത്യത്തിലേക്ക് ആനയിക്കപ്പെടുന്നു. “ആളുകള്‍ കണ്ടു കണ്ടാണ്‍ സാര്‍, കടലുകള്‍ ഇത്ര വലുതായത്” എന്ന് ശങ്കരപ്പിള്ള സാര്‍ പറയുമ്പോള്‍ ആ തല തിരിഞ്ഞ ദര്‍ശനത്തിന്റെ സാധ്യത കുഴക്കുന്ന ഒരു പ്രശ്നമായി നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു.

തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ “രം‌മരം‌ മരമരമെന്ന്” നിവര്‍ന്നു നിന്നു ചെവിയാട്ടുന്ന കവിതകളുമായി കെ.ജി.ശങ്കരപ്പിള്ള സാറും സമകാലീന കവിതയും(ശങ്കരപ്പിള്ള സാറിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണം) എറണാകുളത്തിന്റെ കലാലയച്ചുവടുകളെ ചര്‍ച്ചാവേദികളാക്കിയിരുന്നു. ഒരിക്കലുമില്ലാത്ത വിധം പുതുകവിതയുടെ സാധ്യതകള്‍ തെളിഞ്ഞു വരികയായിരുന്നു. അക്ഷരത്തെ സ്നേഹിച്ചവര്‍ കവിതയെക്കുറിച്ച് തര്‍ക്കിച്ചൂം പരിഭവിച്ചും സാറിനൊപ്പം നടന്നു. പ്രണയത്തേക്കാള്‍ ഒരു വേള കവിതയെ പ്രണയിച്ചു കൊണ്ട്. പിന്നെ അവരോരോരുത്തരും പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ സാറും സമകാലീന കവിതയും അടുത്തൂണ്‍ പറ്റിപ്പിരിഞ്ഞ് എറണാകുളം വിട്ടു പോയി. സാറിനൊപ്പം നടന്ന വിദ്യാര്‍ത്ഥികള്‍ പലരും ഇന്നു അവരവരുടെ മരങ്ങളില്‍ ചിറക് വിരിക്കുന്നു.

കെ.ജി.എസിന്റെ കവിതകളില്‍ ആദ്യകാലത്ത് പ്രകടമല്ലാതിരുന്ന തലതിരിച്ചില്‍ (subversion) ആണ്‍ അദ്ദേഹത്തിന്റെ പില്‍ക്കാല കവിതകളെ ശ്രദ്ധേയമാക്കുന്നത്. കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ ദൃശ്യമാകുന്ന അതികാല്പനികതയില്‍ നിന്ന് വളരെ വേഗം അദ്ദേഹം മുക്തനാകുന്നതായി കാണാം. ബംഗാള്‍ എന്ന കവിതയില്‍ മാറ്റൊലിക്കൊള്ളുന്ന വിപ്ലവത്തിന്റെ ഇടിമുഴക്കം അടിയന്തരാവസ്ഥയിലെത്തുമ്പോള്‍ കയ്പേറിയ നിരീക്ഷണങ്ങള്‍ക്ക് വഴി മാറിക്കൊടുക്കുന്നു. കയ്പ്പും നിരാശയും മറികടന്നു കൊണ്ടു എണ്‍പതുകളുടെ തുടക്കത്തില്‍ തലതിരിച്ചിലിന്റെ സൌന്ദര്യശാസ്ത്രം അദ്ദേഹം വികസിപ്പിച്ചെടുക്കുന്നതായിക്കാണാം. ഇവിടെ കവിയെന്ന നിലയില്‍ ശങ്കരപ്പിള്ള സാറിന്റെ പരിണാമം പൂര്‍ത്തിയായിരിക്കണം. “കൊച്ചിയിലെ വൃക്ഷങ്ങള്‍“ ഈ വിരുദ്ധോക്തിയുടെ കരുത്ത് വിളിച്ചു പറയുന്നു:

ഒരു കാലത്ത്
തൃക്കാക്കര മുതല്‍
കൊച്ചിത്തുറമുഖം വരെയുള്ള വഴി
ഒരു നേര്‍വര പോലെ
വിശ്വാസം നിറഞ്ഞതായിരുന്നു

......

ആ വഴിയുടെ ഇരുപാടുമോ
രം‌മരം മരമരം മരമരം എന്ന്
മഹാമരങ്ങള്‍
ചെവിയാട്ടി വാലാട്ടി തുമ്പിയാട്ടി
നിരനിരയായി നിവര്‍ന്നു നിന്നിരുന്നു

......

അഭയത്തിന്റെ വിരൂപശിഖരത്തില്‍
ഇടപ്പള്ളി ദൈന്യത്തിന്റെ പതാകയായി
മണ്ണിലും വിണ്ണിലും
പക്ഷിക്കൂട്ടം പോലെ
ചങ്ങമ്പുഴ തഴച്ചു

......

ആ വഴിയുടെ ഇരുപാടുമോ
ചെറുതും വലുതുമായ
പുകക്കുഴലുകളുയര്‍ന്നു
വളം നിര്‍മ്മാണശാല
മരുന്നു നിര്‍മ്മാണശാല
സര്‍വകലാശാല
സാഹിത്യശില്പശാല
(കൊച്ചിയിലെ വൃക്ഷങ്ങള്‍)

പൂര്‍വ്വസൂരികളുടെ തണല്‍ കച്ചവടത്തിനായി വെട്ടിമാറ്റപ്പെട്ട, തലയറ്റ, വാലറ്റ ഒരു കൊച്ചിയെ ഈ വിരുദ്ധോക്തികള്‍ തൊട്ടു കാണിക്കുന്നു.

“കടമ്പനാട്ട് കടമ്പില്ല” എന്ന കവിതയിലെത്തുമ്പോഴേക്കും വൈയക്തികമായ ഒരു അനുഭവമായി പ്രകൃതിയെത്തുന്നു:

അമ്മ പറഞ്ഞു:
കടമ്പാണ്‍ നിന്‍ വൃക്ഷം
മയിലാണ്‍ പക്ഷി
നിന്‍ മൃഗം കുതിരയും.
പിന്നെത്തിരയലായ് സ്കൂള്‍കാലമാകെ ഞാന്‍:
കടമ്പെവിടെ?
മയിലെവിടെ?
എവിടെയെന്‍ കുതിരയും?

എല്ലാ മരങ്ങളും കണ്ടു കിട്ടിയിട്ടും കടമ്പ് കാണാതെ ഒടുക്കം അതു കണ്ടെത്തുമ്പോഴോ!

പിന്നെ,
പഠിപ്പും കഴിഞ്ഞ്
പല നാടലഞ്ഞ്
പണിയും കിട
ഞ്ഞകലെ വന്‌നഗരിയില്‍
പാര്‍പ്പും തുടങ്ങി ഞാ-
നൊരു ദിവസമുച്ചയ്ക്ക്
പാര്‍ക്കിലെ ബെഞ്ചില്‍ കക്കാടിന്റെ
യക്ഷനെ നേരെ കണ്ടിരിക്കുമ്പോള്‍
അതാ മുന്നില്‍:
നെഞ്ചിലൊരു കരിംതകിടില്‍
സ്വന്തം പേരുമായൊരു
വൃദ്ധനാം പോലീസുപോ-
ലിച്ഛാശൂന്യനായ്
നില്‍ക്കുന്നു നെടുങ്കനൊരു
നീലക്കടമ്പ്!
(കടമ്പനാട്ട് കടമ്പില്ല)

നാഗരികതയാല്‍ ചവിട്ടിയരക്കപ്പെടുന്ന പ്രകൃതി കവിതയില്‍ വിരുദ്ധോക്തിയായി,സ്വയംനിന്ദയായി,പ്രതിഷേധമായി, യാചനയായി കടന്നു വരുന്നു:

പറയാത്ത പ്രിയവാക്ക്
കെട്ടിക്കിടന്നെന്റെ
നാവു കയ്ക്കുന്നു.
പോകാത്ത നേര്‍വഴികള്‍
ചുറ്റിപ്പിണഞ്ഞെന്റെ
കാല്‍ കനക്കുന്നു.
(അന്യാധീനം)

കാണരുത് മൃഗശാലയേകനായ്
നഗരത്തില്‍ ഞാനിന്ന്
വന്നതതിനല്ല
(മെഴുക്കു പുരണ്ട ചാരുകസേര)

ഈ പ്രകൃതിബോധവും, തലതിരിച്ചിലും (subversion) ഇനിയുള്ള കവിതകളില്‍ തീക്ഷ്ണമായ ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്‍ പ്രത്യക്ഷപ്പെടുക:

“സാറിനെപ്പോലുള്ളവരുടെ
പല പോസിലുള്ള ഫോട്ടോകള്‍
വേണം സാര്‍.
ചാഞ്ഞും ചെരിഞ്ഞും
നിന്നും നടന്നുമുള്ളവ

....

ആളുകള്‍ കണ്ടു കണ്ടാണ്‍ സര്‍
കടലുകള്‍ ഇത്ര വലുതായത്
പുഴകള്‍ ഇതിഹാസങ്ങളായത്

ഫോട്ടോ എടുത്തെടുത്ത്
തന്റെ മുഖം തേഞ്ഞു പോയി എന്ന്
വൈക്കം മുഹമ്മദ് ബഷീര്‍ ദു:ഖിക്കുന്നു.
പക്ഷേ, ഒന്നോര്‍ക്കണം സാര്‍,
അതേ വിദ്യ കൊണ്ട് തുടുത്തുദിച്ചവരാണ്‍
നമ്മുടെ നേതൃതാരങ്ങള്‍
(പല പോസിലുള്ള ഫോട്ടോകള്‍)


ജീവിതത്തിന്റെ കപടതയാണ്‍ പ്രകൃതിയുമായുള്ള താദാത്മ്യം അസാധ്യമാക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്.

തത്വചിന്തയുമായി
ഞാനെന്റെ ഫ്ലാറ്റില്‍ ഉലാ‍ത്തുമ്പോള്‍
ഏഴാം നിലയിലെ വെയില്‍മറയില്‍
വാമനനായി
ഒരു അരയാല്‍ച്ചെടി.
ജനാലയിലൂടെ അത്
എന്നെത്തന്നെ തൊഴുത് നില്‍ക്കുന്നു.

പാവം അതിനറിയില്ലെന്നു തോന്നുന്നു
ഏഴാം നിലയാണിതെന്ന്.
അരയാലിന്‍ പടരാന്‍
ഇവിടെ നിലമില്ലെന്ന്.

“മേഘത്തെപ്പോലെ
വിശ്വസ്ത ദൂതനാവാം സാര്‍.
വീണ പൂവോ തരിശു ഭൂമിയോ പോലെ
ഉത്തമബിംബമാവാം സാര്‍.”

......

“വേണ്ടാ.”

തത്ത്വചിന്തയുമായി ഞാനുലാത്തുമ്പോള്‍
വെറുതെ പ്രകൃതി കടന്നുവരേണ്ട.
കാറ്റ് വന്നോട്ടെ
ടി വി പ്രോഗ്രാം പോലെ
വെളിച്ചവും വന്നോട്ടെ. പക്ഷേ,
പാഴ്ക്കാഴ്ച വേണ്ട
പാഴൊച്ച വേണ്ട
പാഴ്മരം വേണ്ട. അതിലെ
പാഴ്മധുരവും വേണ്ട.
അതിനറിയില്ലെന്നു തോന്നുന്നു
ബോധോദയത്തിന്‍ എനിക്കിനി
ബോധിപ്രകൃതി വേണ്ടെന്ന്.
(തത്ത്വചിന്തയുമായി ഞാനുലാത്തുമ്പോള്‍)

കഴുതകളായി നടിക്കേണ്ടി വന്ന കുതിരകള്‍, പ്രഫസര്‍ വിവിധഗമനന്റെ ഒരു വിചിത്രാനുഭവം എന്നിങ്ങനെ പിന്നീടുണ്ടായ കവിതകളില്‍ ശങ്കരപ്പിള്ള സാറ് തന്റെ തന്നെ ശൈലിയുടെ അടിമയായി മാറി എന്നൊരു വിമര്‍ശനമുണ്ട്. എന്നാല്‍ അപ്പോഴേക്കും മലയാളത്തില്‍ ആരും നടക്കാത്ത വഴികള്‍ അദ്ദേഹം നടന്നു തീര്‍ത്തിരുന്നു. ഇന്ന് ഓര്‍മ്മ ഒരു വലിയ പക്ഷിസങ്കേതമായി (ഒടിച്ചു മടക്കിയ ആകാശം) അദ്ദേഹത്തിന്‍ സാ‍ന്ത്വനമരുളുന്നുണ്ടാകണം. ഇത് വഴിപിരിഞ്ഞു പോയ ഒരു ശിഷ്യന്റെ പ്രണാമം.

Monday, June 05, 2006

ജോസഫ്‌ നല്ലവന്‍

എസ്‌.ജോസഫിനെ അടുത്തു പരിചയമില്ല. എങ്കിലും കാഴ്ചയില്‍ സൌമ്യനായ, ഒരു കര്‍ഷകന്റെ രൂപഭാവങ്ങളുള്ള, മനസ്സു കൊണ്ട്‌ കര്‍ഷകന്‍ തന്നെയായ ഈ യുവാവിന്റെ കവിതയോട്‌ എന്തോ ഒരടുപ്പമുണ്ട്‌. ഏറെ പ്രതീക്ഷയുള്ള യുവകവികളുടെ കൂട്ടത്തിലാണ്‌ ജോസഫിനെ ഞാന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്‌. എന്റെ സുഹൃത്ത്‌ സജയ്‌.കെ.വി. അഭിപ്രായപ്പെട്ടതു പോലെ നാട്ടുവെളിച്ചം നിറഞ്ഞ ഒരു വായ്മൊഴിയാണ്‌ ജോസഫിന്റെ ഭാഷ. ഗ്രാമീണഭാഷയോടുള്ള ഈ അഭിനിവേശം വിഷയസ്വീകരണത്തിലുമുണ്ട്‌. ആധുനിക ജീവിതശൈലിയെ പാടെ ഉപേക്ഷിച്ച്‌ കുടിയേറ്റഭൂമിയുടെ നാള്‍വഴിക്കണക്കുകള്‍ നിരത്തുന്നതാണ്‌ ആ കവിത. ഇടശ്ശേരിയുടെ കവിതയില്‍ ഗ്രാമീണത നാഗരികതയുമായുള്ള സംഘട്ടനത്തിലൂടെ വെളിവാകുമ്പോള്‍ ജോസഫിന്റെ കവിതയില്‍ നാഗരികത ദൃശ്യമാകുന്നതേ ഇല്ല. ഇല്ലായ്മ (absence) കൊണ്ടു സ്വയം വെളിവാക്കുന്ന ഒന്നാണത്‌. പരിചയിച്ച വഴികളുടെ മിഴിവുറ്റ ചിത്രങ്ങളില്‍ ഈ കവിത മിക്കവാറും ഒതുങ്ങി നില്‍ക്കുന്നു. കവിതക്ക്‌ സ്വയം അതിലംഘിക്കാനുള്ള സാധ്യതകള്‍ ജോസഫിന്റെ കവിതകളില്‍ വിരളമാണ്‌. പുതിയ സമാഹാരമായ "ഐഡ്ന്റിറ്റി കാര്‍ഡ്‌"-ലെ കവിതകളും ഇതേ പരിമിതികള്‍ പേറുന്നവയാണ്‌. എന്നാല്‍ എന്നെ അതിശയപ്പെടുത്തിയ ഒരു കവിത, ഒരേ ഒരെണ്ണം, ഈ സമാഹാരത്തിലുണ്ട്‌:

ചതുപ്പില്‍ മേയുന്നു പശു, അതിന്നടു-
ത്തിരിക്കുന്നു മുണ്ടി, വെയിലുള്ള നേരം.

തിരിച്ചു പോ പശു! തിരിച്ചു പോ പശു!
ചെറിയ കുട്ടി കല്ലെറിഞ്ഞോടിക്കുന്നു.

തിരിച്ചു പോയത്‌ വെളുപ്പുള്ളില്‍ വച്ച്‌
ചെളിനിറം കാണിച്ചിരുന്നൊരാപ്പക്ഷി.

മുകളിലാകാശം മുകളിലാകാശം

പശു മേഞ്ഞ്‌ മേഞ്ഞ്‌ ചെളിയില്‍ താഴുന്നു
അതിന്‍ നിലവിളി കുമിളകളായി
അവിടം പുല്‍മൂടിപ്പഴയപോലായി.

തിരിച്ചു പോ കുട്ടി! തിരിച്ചു പോ കുട്ടി
വെയിലും പോകുന്നു; ഇരുളു വീഴുന്നു.
-പശു

ബാല്യത്തിന്റെ വെളുപ്പുള്ളില്‍ വച്ച്‌ ചെളിനിറം കാണിച്ചിരുന്ന നന്മകള്‍ പറന്നു പോകുമ്പോള്‍ ഓര്‍മ്മകളുടെ പശു ചതുപ്പിലാണ്ട്‌ പോകുന്നു. തിരിച്ചു പോകാനാകാതെ ഇരുളിലാഴുന്ന ജീവിതത്തെ കവിതയാക്കുന്ന രാസവിദ്യയാണിത്‌. സമയത്തിന്റെ വിഹ്വലസീമകളെ സ്പര്‍ശിക്കുന്ന ഓര്‍മ്മ.

"ഒരക്ഷരം പഠിച്ചാ മതി," മാധവന്‍ നായര്‍ പറഞ്ഞു (ഖസാക്കിന്റെ ഇതിഹാസം)

ഒരു കവിത എഴുതിയാല്‍ മതി. എന്നാലും ജോസഫ്‌ ഇനിയും ജീവിതത്തില്‍ ചിന്തേര്‌ ചേര്‍ക്കുന്നത്‌ കാണാന്‍ കാത്തിരിക്കുന്നു.

Sunday, May 21, 2006

നാടന്‍പാട്ടിന്റെ കാവ്യസൌന്ദര്യം

നാടന്‍പാട്ടുകള്‍ അധ:കൃതന്റെ വായ്മൊഴി പാരമ്പര്യമാണ്. ജീവിതവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഇവയെ വരേണ്യരചനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. താളബോധവും ലളിതാഖ്യാനവുമാണ് നാടന്‍പാട്ടുകളുടെ ജീവന്:

ഒന്നാനാം കുന്നിന്മേല്‍
ഓരടിക്കുന്നിന്മേല്‍
ഓരായിരം കിളി കൂടു വച്ചു
കൂട്ടിന്നിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല

കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒട്ടേറെ പാട്ടുകളില്‍ തൊഴിലാളിയുടെ ജീവിതവും പ്രണയവും പ്രതിപാദനവിഷയമാകുന്നു.

ഇന്നെന്താ പെണ്ണൊരു പാട്ടു പാടാത്തേ
പെണ്ണിന്റെ പാട്ടിന്നൊരീണമില്ലാത്തേ
പാടത്തു നിക്കണ പുന്നാരപ്പെണ്ണേ
പാട്ടൊന്നു പാടടി പുന്നാരപ്പെണ്ണേ
ഞാറു നടുന്നേരം പാടണ പാട്ട്
ഞാറു നടുമ്പം വള കിലുങ്ങട്ടെ
ച‍ക്കര മാവിന്റെ കൊമ്പത്തിരുന്ന്
ഓടക്കുഴല് വിളിക്കണ് തേവന്‍
ദൂരത്ത് തേവന്റെ പാട്ടുകേള്‍ക്കുമ്പോ
പെണ്ണെന്താ ലോകം മറന്നോണ്ടുപോണേ
നീലമലയിലെ കാറ്റുവന്നപ്പം
നാണിച്ചു ഞാറു തലകുനിക്കുന്നേ
[വായ്ത്താരി: തെയ്യാ തിമിന്താ തിമിന്തനം താരാ
താരാ തിമിന്താ തിമിന്തനം താരാ]

ജീവിതവിമര്‍ശനം ഈ പാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നു:

നിന്നെക്കണ്ടാല്‍ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നു വരേം വന്നില്ലാരും...
[വായ്ത്താരി:
തിത്തക തിത്തക തിത്തക തിമൃതെയ്]

കറുത്തപെണ്ണിന്റെ അഴക് എത്രയോ പാട്ടുകളുടെ വിഷയമാണ്‍:

കറുത്ത പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു
കാടു വെട്ടി തരം വരുത്തി
തറയുഴുതു പതം വരുത്തി
പതം വരുത്തി തിന വിതച്ചു
തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടാന്‍ പെണ്ണിറങ്ങി
അവളിറങ്ങി വള കിലുങ്ങി
വള കിലുങ്ങി കിളി പറന്നു
പെണ്ണിനുടെ വളകിലുക്കം
കിളി പറന്നു മലകടന്നു
കറുത്ത പെണ്ണേ കരിങ്കുഴലീ

ശുദ്ധനര്‍മ്മവും നാടന്‍പാട്ടുകളില്‍ ധാരാളം കാണാം:

കടുക്കനിട്ടൊരു വടക്കന്‍ പണ്ട്
കടുക്ക വാങ്ങാന്‍ പോയി
കടുക്കയിടാനിടക്കു വച്ച്
കുടുക്കയൊന്നു വാങ്ങി
മടക്കയാത്രയിലിടക്കു വച്ച്
ഇടിമുഴക്കം കേട്ടു
കുടുക്കയോടെ മറിഞ്ഞു വീണു
കടുക്കനിട്ട വടക്കന്‍

ബാല്യകാലപ്രണയത്തിന്റെ നൊമ്പരം കിനിയുന്ന ഈ കെസ്സുപാട്ട് എനിക്കു ഏറെ പ്രിയങ്കരം:

ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്ക്കയാണ് നീലമേഘം

കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

കാട്ടിലെ കോളാമ്പിപൂക്കള്‍ നമ്മളെ വിളിച്ചു
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു

ഉപ്പുകൂട്ടി പച്ചമാങ്ങാ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളെ നീയെപ്പടി മറന്നു

പുസ്തകത്താളിന്നിടക്ക് പീലി വച്ചുതന്ന്
പീലി പെറ്റു കൂട്ടുമെന്നു നീ പറഞ്ഞുതന്നു

കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്
കാത്തിരിപ്പും മോഹവുമിന്നെങ്ങനെ പിഴച്ച്

നീയൊരുത്തി ഞാ‍നൊരുത്തന്‍ നമ്മള്‍ രണ്ടിടക്ക്
വേലി കെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്

എന്റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്
നിന്റെ കളിത്തോണി നീങ്ങി എങ്ങു പോയ്മറഞ്ഞ്

മണ്ണിന്റെ മണമുള്ള ഈ പാട്ടുകളില്‍ നിന്നും നാളെയുടെ കവിത പിറന്നെങ്കില്‍!

Saturday, April 15, 2006

ശിഥിലബിംബങ്ങളുടെ വ്യഥിതകാമുകന്‍

ശത്രു ഞാന്‍ സഖാവു നീ പിച്ചാത്തി മടക്കുക
മിത്രങ്ങളാകാം, ഹസ്തദാനവുമാകാം തമ്മില്‍.
മെതിച്ച കതിരുകള്‍ പതിരിന്‍ കിനാവുകള്‍
ചതുര്‍ഥിയാകുന്നിന്നു ചുവപ്പു നക്ഷത്രങ്ങള്‍
-ഭൂപടത്തിലെ വേരുകള്‍

- വിപ്ലവസ്വപ്നങ്ങള്‍ കൈമോശം വന്നതിനെപ്പറ്റി എ.അയ്യപ്പന്‍ എഴുതി. ഈ കവിക്കു കവിത സുന്ദര കല്‍പ്പനയല്ല, ജീവിതത്തിന്നു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്‌. വഴിയില്‍ അയ്യപ്പന്റെ നിഴലു കാണുമ്പോള്‍ത്തന്നെ നിഷ്ക്രമിക്കുന്ന ഞാനടക്കമുള്ള വായനക്കാര്‍ അയ്യപ്പന്‍ കവിതയുടെ മൂര്‍ച്ച തിരിച്ചറിഞ്ഞവരാണ്‌. അയ്യപ്പന്‍ കവിതകളില്‍ ആധുനീകബിംബങ്ങള്‍ ഏച്ചുകെട്ടല്ല, കവിതയുടെ ചോരയിറ്റുന്ന ആത്മാവാണ്‌. നിയതമായ ശൈലിയും കീഴ്വഴക്കങ്ങളും ലംഘിക്കുന്ന അയ്യപ്പന്‍ കവിതകള്‍ ശിഥില ബിംബങ്ങളുടെ വിലാപമാകുന്നു:

ഇതായെന്‍ കണ്ണുനീര്‍ ഹരിതപത്രമേ,
ചുവപ്പിഷ്ടമെങ്കിലെടുത്തുകൊള്ളുക
ഇതായെന്‍ പാദങ്ങള്‍ മഴയുടെ മണ്ണേ
നടപ്പിഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്കുക
-ധ്രുവങ്ങള്‍

മലയാള ഭാവുകത്വത്തിന്റെ സംക്രമണ ഘട്ടത്തെയാണ്‌ കവി പ്രതിനിധീകരിക്കുന്നത്‌. അതാകട്ടെ കവിതയെ ഗൃഹാതുരത്വത്തിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലും അഭിരമിക്കാന്‍ വിടാതെ വര്‍ത്തമാനത്തിന്റെ ദുരന്തങ്ങളിലേക്ക്‌ നയിക്കുന്നു.

പത്തുസെക്കന്റേയുള്ളൂ
വസ്ത്രത്താല്‍ മുഖം മൂടാന്‍
സ്റ്റെത്തിലെ മിടിപ്പിനു വേഗത കുറയുന്നു,
വജ്രസൂചിയാല്‍ കീറാം
സ്ഫടിക വാതായനം
സ്പന്ദമാപിനികള്‍ക്കു പകരാം അഞ്ചാംപനി.
തലച്ചോറൊരു പുഷ്പം
വലം വയ്ക്കുന്നൂ ഭൃംഗം
ഉലയാം ഹൃദയത്തില്‍
വെളുത്ത രക്താണുക്കള്‍
കുടിച്ചുതീര്‍ക്കുന്നെന്റെ ജീവനെ
വറ്റിത്തീര്‍ന്നെന്‍
കുടിവെള്ളത്തിന്‍ കിണര്‍
മരിക്കുന്നെന്റെ പക്ഷി.
-മരിക്കുന്നെന്റെ പക്ഷി

കാവ്യശാസ്ത്രപരമായ ലക്ഷണങ്ങളൊക്കാത്ത അയ്യപ്പന്‍ കവിത ധ്വജഭംഗം സംഭവിച്ച കാലത്തിന്റെ ചവിട്ടേറ്റ പതാകയാകുന്നു. കവിയെന്ന നിലയില്‍ അയ്യപ്പന്‍ എവിടെ നില്‍ക്കുന്നു എന്നതിന്‌ കാലം ഉത്തരം പറയട്ടെ. നമുക്കു അയ്യപ്പന്റെ കവിതകളെ വെറുക്കാം, തിരസ്കരിക്കാം, ഒട്ടൊരു ജാള്യതയോടെ സ്വീകരിക്കുകയുമാകാം - എന്നാല്‍ അവയെ കണ്ടില്ലെന്നു നടിക്കാന്‍ സാദ്ധ്യമല്ല.

ആരവങ്ങളില്ലാതെ

ഇക്കഴിഞ്ഞ വര്‍ഷം അന്തരിച്ച ആര്‍. രാമചന്ദ്രന്‍ വളരെയൊന്നും അറിയപ്പെടാതെ പോയ കവിയാണ്‌. തികഞ്ഞ കാവ്യസിദ്ധിയും അഴകുള്ള ഭാഷയും കൈവശമുണ്ടായിരിന്നിട്ടും അദ്ദേഹം ഒഴുക്കിനൊപ്പം നീന്താനിഷ്ടപ്പെടാതെ സ്വന്തം കൈത്തോടു തേടിപ്പോയി. സാമൂഹിക പ്രശ്നങ്ങളില്‍ വ്യാപരിക്കാതെ തന്നിലേക്കു കാഴ്ച നീട്ടിയ രാമചന്ദ്രന്‍ ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും പ്രമുഖനായ വൈയക്തിക കവിയാണ്‌. ആകാമായിരുന്നതിന്റെയും ആയിത്തീര്‍ന്നതിന്റെയും ഇടയില്‍ വീര്‍പ്പു മുട്ടുന്ന കവിയെ കാണുക:

മുട്ടി വിളിച്ചിതെന്നാത്മാവി,ലെത്രയോ
വട്ടം മധുരമായ്സ്സംഗീത വീചികള്‍
എങ്കിലും ശ്രദ്ധിച്ചതില്ല, ഞാന്‍ കമ്പിക-
ളെല്ലാമഴിഞ്ഞേ കിടന്നിതെന്‍ വല്ലകി
-പരിത്യക്തര്‍

മുന്നില്‍ത്തെളിയുന്ന ഇരുട്ടിനെ എതോ മന്ദ്ര വിഷാദം പൊതിയുന്നതും നോക്കി മൌനത്തിന്റെ ശ്യാമതീരങ്ങളില്‍ നില്‍ക്കുമ്പോള്‍ കവി ദൈവത്തെയറിയുന്നു.

ഈയന്ധകാരത്തി,-
ലീ നിശ്ശബ്ദതയില്‍
നിന്‍ കരളിലെ-
ശ്ശ്യാമവര്‍ണമാം ദുഖത്തിന്‍ സത്യം
എന്നെച്ചൂഴു-
മീയേകാന്തതയില്‍ നിഴലിക്കേ,
വിശ്വനായക,
നിന്നെ ഞാനറിയുന്നേന്‍.
-ദിവ്യദുഖത്തിന്റെ നിഴലില്‍

ഭാഷയുടെ കാല്‍പ്പനികസൌന്ദര്യമാവാഹിക്കുന്ന ചില വരികള്‍:

കുന്നിന്‍ചെരുവിലക്കൊന്നതന്‍ പൂവണി-
ക്കയ്യിലുറങ്ങിക്കിടക്കുന്നു സന്ധ്യകള്‍

പുണരാ,നിപ്പാരിനെക്കരളിലണച്ചൊന്നു
പുണരാനെനിക്കു കഴിഞ്ഞുവെങ്കില്‍!

തന്നിലേക്കു ചുരുങ്ങി ഇരുളിന്റെ ഓര്‍മ്മകള്‍ തേടിപ്പൊയ കവി എത്തിച്ചേരുന്നത്‌ ശൂന്യതയുടെ വിജനസ്ഥലിയില്‍!

പിന്നെ?
സന്ധ്യകള്‍
മരവിച്ചേ മരിക്കും മാര്‍ഗ്ഗം

പിന്നെ?
പറക്കാന്‍ കൊതിയാര്‍ന്നേ
വാടി വീണിടും മലര്‍

. . . .

പിന്നെ?
കാലത്തിന്നഭംഗമാം
മൂകരോദനം
പിന്നെ?
പിന്നെ...!
- പിന്നെ?

ശൂന്യതയുടെ ആഴങ്ങളില്‍ നിന്നു നിമിഷാര്‍ദ്ധങ്ങളുടെ വളപ്പൊട്ടുകള്‍ കണ്ടെത്തി ആ കാവ്യസപര്യ സാര്‍ഥകമാകുന്നു:

ഒന്നു,മില്ലൊന്നുമില്ല
മീതെ
പകച്ചേ നില്‍ക്കുമംബരം മാത്രം.
താഴെ
കരളുറഞ്ഞേ പോകും പാരിടം മാത്രം.

ഒന്നു,മില്ലൊന്നുമില്ല
വഴിയറിയാതണയും
പൊല്‍ക്കതിര്‍ മാത്രം.
കൊതി പൂണ്ടുയരും
പച്ചിലക്കൂമ്പു മാത്രം.

ഒന്നു,മില്ലൊന്നുമില്ല
ഒരു ചുംബനം മാത്രം
ഒരു നിര്‍വൃതി മാത്രം.

ഒന്നു,മില്ലൊന്നുമില്ല
അടരുമലര്‍ മാത്രം
പടരുമിരുള്‍ മാത്രം.

ഒന്നു,മില്ലൊന്നുമില്ല
- ഒന്നുമില്ല

തന്നില്‍ നിന്നു ഇരുളിന്റെ ശുദ്ധശൂന്യതയിലേക്കു സഞ്ചരിച്ച കവിമനസ്സിനെ സാമൂഹ്യജീവിതത്തിന്റെ ശബ്ദഘോഷം ആകര്‍ഷിക്കുന്നില്ല. അതു തന്നെയാവാം രാമചന്ദ്രന്‍ കവിതകളുടെ ശക്തിയും ദൌര്‍ബല്യവും.

Sunday, March 12, 2006

കടുനിറം ചാലിച്ച കവിത

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ കേരളത്തിലെ കാമ്പസുകളുടെ ഹരമായ ഒരു കാലമുണ്ടായിരുന്നു. കടുനിറം ചാലിച്ച ബാലചന്ദ്രന്‍ കവിതകള്‍ യുവാക്കളുടെ ക്ഷോഭത്തിന്നു്‌ ഒരു ഭാഷ നല്‍കി. രതിയും ആസക്തിയും ബാലചന്ദ്രന്റെ ബിംബങ്ങളില്‍ നിറഞ്ഞാടി. ഏവിടെ ജോണും, ജോസഫും, യാത്രാമൊഴിയും ഒട്ടേറെ യുവാക്കളെ നിഷേധത്തിന്റെ വഴിയേ നടത്തിയിരിക്കാം.

ജോസഫ്‌, നിനക്കറിയില്ലെന്റെ ജാതകം.
ആത്മഹത്യക്കും കൊലക്കുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.

. . . .

മൌനമലമുറക്കൊള്ളും മനുഷ്യന്റെ-
യാഴത്തില്‍ നിന്നുമിരുണ്ട ചിറകുമായ്‌,
മണ്ണും, മടുപ്പും, മഴയും, മരണവും
തിന്നു, കാലം പോലെ ക്രോധം വളരുന്നു,

(ജോസഫ്‌)


തിരിഞ്ഞു നോക്കുമ്പൊള്‍ കടുനിറങ്ങള്‍ ബാലചന്ദ്രന്‍ കവിതയുടെ ബലഹീനതയാണെന്നു തോന്നുന്നു. കടുകഷായത്തിന്നുമപ്പുറം എഴുത്തച്ഛന്റെയും, ആശാന്റെയും, നാടന്‍ ശീലുകളുടെയും സ്വാധീനം ഈ കവിയില്‍ തെളിഞ്ഞു വരുന്നു.

പുലരുവാനേഴര രാവേയുള്ളൂ,
പൂങ്കൊഴി കൂവിക്കഴിഞ്ഞേയുള്ളൂ.

. . . .

അമ്മേ, പിന്‍വിളി വിളിക്കാതെ,
മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതിചാരിത്തിരിച്ചു പൊയ്ക്കോളൂ
കരള്‍ പാതിചാരിത്തിരിച്ചു പൊയ്ക്കോളൂ

(യാത്രാമൊഴി)

അപൂര്‍വ്വമായിട്ടാണെങ്കിലും ശുദ്ധകാല്‍പനികത ചുള്ളിക്കാടിന്റെ പില്‍ക്കാലകവിതകളില്‍ നിഴലിട്ടു കാണാം.

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.

(ആനന്ദധാര)

മകരം മരങ്ങളിലോര്‍മ്മകള്‍ പൊഴിച്ചാലും,
പകരം സ്വപ്നത്തിന്റെ പച്ചകള്‍ പൊടിച്ചാലും,

(അമാവാസി)

ബാലചന്ദ്രന്റെ തൂലികയില്‍ ഇനിയും പച്ചപ്പു പൊടിക്കുമോ?

Saturday, March 11, 2006

ഒരു മലനാടന്‍ പെണ്‍കൊടിക്ക്‌

ചെന്തളിര്‍കൈകള്‍, മൃദുലപാദം,
ഘനമേറും നിതംബം;
നിന്‍ രൂപമോര്‍ത്താല്‍,
ചിത്രകാരന്നു മനോഭിരാമം.

എള്ളിന്‍ കറുപ്പു മിഴിയഴക്‌
എണ്ണക്കറുപ്പ്‌ പുറവടിവ്‌
ജന്മമീയോഷ്മളനീലവാനിന്‍-
കീഴേ, നീ ചെയ്യേണ്ടതിത്രമാത്രം;
കൂജയില്‍ തണ്ണീര്‍ നിറച്ചു വച്ച്‌
ചെപ്പില്‍ പനിനീര്‍ പകര്‍ന്നു വച്ച്‌
യജമാനന്റെ ഹുക്ക കൊളുത്തിവച്ചി-
ട്ടാട്ടുക കീടജാലങ്ങളവന്‍ മേവും
മണിമെത്ത തന്നരികില്‍.

വെള്ള കീറി മുളംകാട്ടില്‍ നിന്നും
പാട്ടുയരുമ്പോള്‍ നീ യാത്രയാകും
സ്വാമിക്കശിക്കാന്‍ ഫലങ്ങള്‍ വാങ്ങാ-
നായി ഗ്രാമച്ചന്ത ലക്ഷ്യമാക്കി.

പകലൊക്കെ നീ നഗ്നപാദയായിട്ടല-
യുമഭൌമ ഗാനങ്ങള്‍ മൂളിയീ-
ഗ്രാമഭംഗിയില്‍, വൈകിടുമ്പോള്‍
കൊച്ചുപുല്‍പ്പായില്‍ മയക്കമാകും;
നിന്റെ കിനാവിന്റെ ചില്ലകളില്‍
കുയിലുകള്‍ സംഗീതമാലപിക്കും.

എന്‍ പ്രിയബാലികേ, നീയ്യെന്തിന്നായ്‌
കഷ്ടതയേറും ജനങ്ങള്‍ തിങ്ങും
ഫ്രാന്‍സില്‍, നിന്‍ രമ്യവനങ്ങള്‍ വിട്ടു
ലക്ഷ്യമില്ലാത്ത കടല്‍ക്കാറ്റിനും
കാമാര്‍ത്തിയേറുന്ന നാവികര്‍ക്കും
ജീവന്‍ പണയപ്പെടുത്തിയെത്താനാ-
യുന്നത്‌ സ്വപ്നഭൂമിയല്ല

അവിടെയീ നേരിയ വസ്ത്രങ്ങളാലാ-
വൃതമായ നിന്‍ മേനിയാകെ
പാരം തണുത്തു വിറച്ചിടുമ്പോള്‍,
ഉഴറുകയില്ലേ നിന്‍ ലോലചിത്തം
തന്‍ പ്രിയകേളീ വനികകള്‍ക്കായ്‌.

അല്ലായ്കിലിറുകുമുടയാടയില്‍
നിന്‍ തളിര്‍മേനി വലഞ്ഞു പോകാം
പങ്കിലമായേക്കാം നിന്നവാച്യസൌരഭ്യ
പൂരിതമായ ദേഹം; ഈ ചെളി-
ക്കുണ്ടില്‍ പുതയുകയാല്‍,
ആ നേരം പുകമഞ്ഞിന്‍ മാറാല-
കള്‍ക്കപ്പുറമെത്തും നിന്‍ ഖിന്നനേത്രം
ദൂരെ വാനത്തിന്നതിരുകളിലാ-
ടുന്ന തെങ്ങോല തന്നരികില്‍.

- Charles Baudelaire

ബോദലേറിന്റെ മുഴുമിക്കാത്ത ഇന്ത്യന്‍ യാത്രയുടെ ബാക്കിപത്രം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബോദലേര്‍ സങ്കല്‍പ്പിച്ച കളങ്കമേശാത്ത മലനാടന്‍ പെണ്‍കൊടി എങ്ങനെയായിരിന്നിരിക്കും? ഫ്രാന്‍സെന്ന പരിഷ്കൃത രാജ്യത്തെക്കാള്‍ മലബാറിന്റെ വന്യവശ്യതയാണു കവിയെ പ്രചോദിപ്പിക്കുന്നത്‌.

Wednesday, March 01, 2006

ഒറ്റപ്പെടല്‍

ആരാണു വന്നു വിളിക്കാന്‍, യുഗങ്ങളായ്‌
പോസ്റ്റ്മാന്‍ പോലും മറന്നതാണീ മുറി

- മലയാളി മറന്നു പോയ മാധവന്‍ അയ്യപ്പത്ത്‌ എന്ന കവി എഴുതി. ഒറ്റപ്പെടലിന്റെ ആഴം!